അറബി കവിതകളിൽ നിന്ന് ഉത്ഭവിച്ച ഗസൽ, പേർഷ്യൻ സാഹിത്യത്തിലൂടെയാണ് ഉർദുവിലേക്ക് എത്തിയത്. പിൽക്കാലത്ത് ഡൽഹിയുടെയും ലഖ്നൗവിന്റെയും മണ്ണിൽ ഇത് വളർന്നു വികസിച്ചു. രണ്ട് വരികൾ അടങ്ങിയ 'ശേർ' (Sher) കളുടെ സമാഹാരമാണ് ഗസൽ. ഓരോ ശേറും പരസ്പരം ബന്ധമില്ലാത്ത സ്വതന്ത്രമായ ആശയങ്ങൾ പങ്കുവെക്കാമെങ്കിലും, അവ പൊതുവായ ഒരു താളക്രമവും (ബഹർ) അന്തരീക്ഷവും പങ്കിടുന്നു.
ഗസലുകളുടെ പ്രധാന ഘടകങ്ങൾ ഇവയാണ്:
▪️മത്ല : ഗസലിലെ ആദ്യത്തെ ഷേർ. ഇതിലെ രണ്ട് വരികളിലും അനുപ്രാസം (قافیہ - Kafiya) കാണപ്പെടും.
▪️മക്ത : ഗസലിലെ അവസാനത്തെ ഷേർ. സാധാരണയായി കവി തന്റെ തൂലികാനാമം (തഖല്ലുസ്) ഇതിൽ ഉൾപ്പെടുത്താറുണ്ട്.
▪️റദീഫ് : വരികളുടെ അവസാനം ആവർത്തിക്കപ്പെടുന്ന നിശ്ചിത പദം.
മീർ തഖി മീർ, മിർസ ഗാലിബ്, അല്ലാമാ ഇഖ്ബാൽ, ഫൈസ് അഹ്മദ് ഫൈസ് തുടങ്ങിയ പ്രഗത്ഭരായ കവികൾ ഉർദു ഗസലിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി. സംഗീതവുമായി ഇഴുകിചേർന്നിരിക്കുന്നതിനാൽ ഗസലുകൾ ഇന്നും ജനഹൃദയങ്ങളിൽ പ്രത്യേക സ്ഥാനം നിലനിർത്തുന്നു.
