സർവർ - എൻറെ ഗുരു

 ✍️ പി കെ മുഹമ്മദ് കുട്ടി പട്ടർകടവ്

സർവർ സാഹിബ് 1916 ജൂൺ 13ന് കാട്ടൂരിലാണ് (തൃശ്ശൂർ ജില്ല)  ജനിച്ചത്. പ്രാഥമിക പഠനം കാട്ടൂരിൽ തന്നെ. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദങ്ങൾ നേടി 1942 ൽ ബ്രണ്ണൻ കോളേജിൽ ജോലിയിൽ താൽക്കാലികമായി പ്രവേശിച്ചു. അദ്ദേഹത്തിൻറെ അധിക കാലവും മലപ്പുറം ഗവൺമെൻറ് ഹൈസ്കൂളിലാണ് ജോലിചെയ്തത് എന്ന് പറയാം (1944 1971 വരെ). വിശ്രമ ജീവിതത്തിലും അദ്ദേഹം ഉർദുവിനെ സ്നേഹിച്ചു. നജ്മുൽ ഹുദാ വെട്ടേക്കാട് കോളേജ്- മഞ്ചേരിയിൽ ഉറുദു അധ്യാപകനായി ജോലി ചെയ്തു.

 1994 സെപ്റ്റംബർ ഏഴിനാണ് അദ്ദേഹത്തിന്റെ മൃതദേഹം വീട്ടിൽ കണ്ടെത്തിയത് ജീർണാവസ്ഥയിൽ ആയതിനാൽ മരിച്ച കൃത്യമായ തീയതി പടച്ചവൻ അറിയാം സെപ്റ്റംബർ മൂന്നിന് എന്ന് പറയപ്പെടുന്നു വളരെ വേദനിപ്പിക്കുന്ന രംഗമാണ് ആളുകൾ കണ്ടത് പോസ്റ്റ്മോർട്ടത്തിന് തൃശ്ശൂരിലേക്ക് ആണ് കൊണ്ടുപോയത് കൂട്ടത്തിൽ മൂന്നുപേരുണ്ടായിരുന്നു ഒന്ന് ഈ ലേഖകൻ രണ്ട് സി അബ്ദുറസാഖ് മാസ്റ്റർ ടി ഹുസൈൻ മാസ്റ്റർ. രാഷ്ട്രീയക്കാരും ധാരാളം ശിക്ഷ സമ്പത്തുമുള്ള  അദ്ദേഹത്തെ എന്തിനാണ് ഇങ്ങോട്ട് എത്തിച്ചത്?, ഇന്ന് പത്രത്തിൽ കണ്ട ആ വ്യക്തിയല്ലേ അദ്ദേഹം എന്നൊക്കെ അവർ ആരാഞ്ഞു കൂടുതൽ മറുപടിക്കായി ഞങ്ങൾ നിന്നില്ല കാര്യം (പോസ്റ്റുമോർട്ടം( വേഗം നടക്കട്ടെ എന്ന നിലയിൽ ഞങ്ങൾ കഴിച്ചുകൂട്ടി ഇതൊക്കെ അദ്ദേഹത്തിന്റെ അവസാനകാല സംഭവമാണ്.

 ഇനി കുറിപ്പുകാരനും അദ്ദേഹവുമായുള്ള ബന്ധങ്ങളാണ് കുറിക്കുന്നത് 1964 മുതൽ 1969 വരെയുള്ള കാലഘട്ടം അദ്ദേഹത്തിന്റെ ക്ലാസിൽ ഉറുദു പഠിക്കാനുള്ള അവസരമായിരുന്നു. വളരെ ലളിതമായ രീതിയിൽ അദ്ദേഹം ഉറുദു പഠിപ്പിച്ചു. അദ്ദേഹത്തിന്റെ സ്നേഹവും കഥയും ഏതു കുട്ടിയെയും ആകർഷിച്ചിരുന്നു. അതുകാരണം ക്ലാസുകളിൽ നിറയെ കുട്ടികളായിരുന്നു. ഇരിക്കുവാൻ ചില നേരം സീറ്റുകൾ പോലും കുട്ടികൾക്ക് കിട്ടില്ല. അഞ്ചാൾ ഇരിക്കുന്ന ബെഞ്ചിൽ 6 7 പേർ ഇരിക്കും. ഒരു പിരിയഡ് അല്ലേ എന്ന നിലയിൽ അത് സഹിക്കും. 1971 അദ്ദേഹം വിരമിച്ചു ഉറുദു പ്രവർത്തനവുമായി മുന്നോട്ടു നീങ്ങി.

 അതിനുമുമ്പ് ഉർദുവിന്റെ കേരളത്തിലെ സാധ്യതകൾ പഠനം പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മുസ്ലിം ഉദ്യോഗസ്ഥനെ സർക്കാർ നിയമിച്ചു. അദ്ദേഹം ആറുമാസം കൊണ്ട് സർക്കാരിലേക്ക് വേണ്ട റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ ഉർദുവിന്റെ ധാരാളം മഹത്വങ്ങൾ നൽകി ഇന്ത്യയിലെ ഭാഷകളുടെ കൂട്ടത്തിൽ ഉറുദുവിന്റെ സ്ഥാനവും കുറിച്ചു. കേരളത്തിൽ ഉറുദു പഠനം എങ്ങനെ നടത്തണമെന്നോ അതിനെ എന്തെല്ലാം സർക്കാർ ചെയ്യണമെന്ന് ആ റിപ്പോർട്ടിൽ കുറിച്ചിട്ടില്ലായിരുന്നു. ഫലം നിരാശയായി. സർവറിന്റെ അക്ഷീണ പ്രവർത്തനം തുടർന്നുകൊണ്ടിരുന്നു. നിരന്തര ശ്രമത്തിനിടയിൽ ഒരു ഇലക്ഷൻ വന്നെത്തി. അഹമ്മദ് കുരുക്കൾ മഞ്ചേരി സ്ഥാനാർത്ഥിയായിരുന്നു. സർവർ സാഹിബിനു അദ്ദേഹവുമായി നല്ല ബന്ധമായിരുന്നു സൗകര്യം പോലെ കുരുക്കളെ കണ്ട് ഉർദുവിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു. "ഞാൻ അധികാരത്തിൽ വന്നാൽ സർവ്വസാഹിബ് പറഞ്ഞ കാര്യം പരിഗണിക്കാം ചിലപ്പോൾ ആദ്യ ഫയൽ തന്നെ നിങ്ങളുടേത് ആയിരിക്കും", ഈ വാചകമാണ് ആ അധ്യാപകന് പ്രതീക്ഷ നൽകിയത്. തെറ്റാതെ ആ വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്തു. ശേഷമാണ് കേരള ഉറുദു ഹയർ പരീക്ഷകളുടെ ഗസറ്റ് നോട്ടിഫിക്കേഷൻ പുറത്തുവന്നത് ഉർദു വിദ്യാർത്ഥികൾ ഏറെ സന്തോഷിച്ചു, ഒരുക്കങ്ങൾ തുടങ്ങി. ധാരാളം പേർ പരീക്ഷ എഴുതാനും പഠിക്കാനും തുടങ്ങി. അദ്ദേഹം ഉറുദു പഠിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ ഒരു കോളേജ് തന്നെ (മുണ്ടുപറമ്പ് ഉറുദു കോളേജ്) ആരംഭിച്ചു. ഒരു സ്ഥാപനം പടുത്തുയർത്താൻ അദ്ദേഹം പെട്ട പാട് പറഞ്ഞറിയിക്കാൻ പറ്റില്ല. ത്യാഗങ്ങൾ സഹിച്ചാണ് അദ്ദേഹം അങ്ങനെ ഒരു ഇടം സ്ഥാപിച്ചത്. ധാരാളം വിദ്യാർത്ഥികൾ പഠിക്കാൻ ഉണ്ടായിരുന്നു. KPA മജീദ് അതിൽപ്പെട്ട ഒരു കണ്ണിയായിരുന്നു. ഞങ്ങളെല്ലാവരും ആദ്യവർഷം നന്നായി ശ്രമിച്ചു. സെന്ററിന് നല്ല വിജയമായത് സർവറിനെ സന്തോഷിപ്പിച്ചു. പത്താം ക്ലാസ് പാസായ ധാരാളം കുട്ടികൾ അക്കാലത്ത് പുറത്തുണ്ടായിരുന്നു. അവരൊക്കെയും പരീക്ഷ എഴുതി വിജയിച്ചു. ധാരാളം തസ്തികകൾ സർക്കാരിലും നിലവിൽ വന്നു. ഉറുദു കുട്ടികളെ ആകർഷിച്ച് സുഖകരമായ രീതിയിൽ ഉറുദു വളർന്നു വരാൻ തുടങ്ങി. തസ്തിക കാര്യം അന്വേഷിക്കാൻ പോകുമ്പോൾ അവരിൽ നിന്നെല്ലാം നല്ല സപ്പോർട്ട് ആയിരുന്നു ഉണ്ടായിരുന്നത്. ഉറുദു അറിയുന്ന അധ്യാപകരായിരിക്കും അധികം ജോലിചെയ്യുന്ന അധ്യാപകരും. അത് ഉർദുവിന്റെ വളർച്ചയ്ക്ക് ആക്കംകൂട്ടി. ഇക്കാരണത്താൽ ഭാഷക്ക് വേണ്ടി ഏത് സഹായത്തിനും ആളുകൾക്ക് കുറവുണ്ടായിരുന്നില്ല.

  അദ്ദേഹത്തിന്റെ ഉന്നത ശിഷ്യന്മാരിൽ പെട്ടവർ നിരവധിയാണ് പി മൊയ്തീൻകുട്ടി മാസ്റ്റർ, എൻ മൊയ്തീൻകുട്ടി, സൂപ്രണ്ടിംഗ് എൻജിനീയർ എം കുട്ടി ഹസ്സൻ, റിട്ടയേർഡ് തഹസിൽദാർ അലവി സാഹിബ്, ഫുട്ബോളർ മലപ്പുറം മൊയ്തീൻകുട്ടി, കെ കെ മുഹമ്മദ് അബ്ദുൽ കരീം (ചരിത്രകാരൻ), അലവി ഹാജി (പിഡബ്ല്യുഡി മാനേജർ) തിരൂർ ആലിക്കുട്ടി ഡോക്ടർ പട്ടിക അങ്ങനെ നീണ്ടു പോകുന്നു. അദ്ദേഹത്തെ നേരിൽ കാണാനും മറ്റും ധാരാളം എഴുത്തുകാരും പ്രഗൽഭരും വരാറുണ്ടായിരുന്നു.

 മത രംഗത്തുള്ള അനവധി പേർ അദ്ദേഹത്തെ കണ്ട് സംശയനിവാരണം നടത്താറുണ്ടായിരുന്നു. അറബിയിലും ഉറുദുവിലും സംസ്കൃതത്തിലും അദ്ദേഹത്തിന് വേണ്ടുവോളം ജ്ഞാനം ഉണ്ടായിരുന്നു ആദ്യകാലത്ത് അറബി അധ്യാപകരുടെ പേപ്പർ പോലും അദ്ദേഹം നോക്കിയിരുന്നു കേരളത്തിൽ ഇന്ന് കാണുന്ന ഉറുദുഭാഷാ പുരോഗതിയുടെ പ്രധാന കാരണക്കാരൻ സർവർ സാഹിബ് ആണ് എന്ന് പറയുന്നതിൽ തെറ്റില്ല.

അദ്ദേഹത്തിന്റെ അതിയായ ഒരാഗ്രഹം ആയിരുന്നു മലപ്പുറത്ത് ഒരു ഉറുദു പഠന കേന്ദ്രം എന്നുള്ളത്. ജീവിതകാലത്തുതന്നെ ഉറുദു മർക്കസ് എന്ന പേരും നൽകിയത് കാണാം. വർഷത്തിലൊരിക്കൽ ഉർദു അസോസിയേഷന്റെ ഒരു ഫോട്ടോ അദ്ദേഹം എടുപ്പിക്കാറുണ്ടായിരുന്നു. അതും മലപ്പുറം ഹൈസ്കൂളിൽ വച്ച്. കുട്ടികളിൽ നിന്ന് ചില്ലറ കളക്ഷൻ വാങ്ങിയായിരുന്നു അത് നടത്തിയിരുന്നത്. തികയാത്തത് സർവർ സാഹിബിന്റെ വകയും. ഫോട്ടോ പിടിക്കൽ കഴിഞ്ഞ് പുറത്തു പോകുമ്പോൾ ആളുകൾ എന്തായിരുന്നു പരിപാടി എന്ന് ചോദിക്കും ഈ കൊല്ലത്തെ ഉർദു വിദ്യാർത്ഥികളുടെ ഫോട്ടോ എടുക്കൽ എന്ന് ഉത്തരം കൊടുക്കുകയും ചെയ്യും. എല്ലാം അദ്ദേഹത്തിന്റെ ദീർഘദൃഷ്ടിയായിരുന്നു. അതിലൂടെയും അദ്ദേഹം ഉർദു വളർച്ചയാണ് ഉദ്ദേശിച്ചിരുന്നത്.

 1972 73 തൊട്ട് ഉറുദു തസ്തികകളുടെ കാലമായിരുന്നു എന്ന് പൊതുവേ പറയാം. കൂട്ടത്തോടെയുള്ള പ്രവർത്തനം ഉർദുവിന്റെ വളർച്ചയെ അങ്ങേയറ്റം സഹായിച്ചു. പ്രൈമറിയിൽ നിന്ന് ഏതുകാലത്തും പ്രമോഷൻ കിട്ടി എച്ച് എം ആയി പോകുന്നവർ പലരും ഉണ്ടാകും. നമ്മുടെ ആ കാലത്തെ ലക്ഷ്യം ഇവരെ അധികപേരെയും കാണലും നമ്മുടെ ലക്ഷ്യം പൂർത്തിയാക്കലും ആയിരുന്നു. പിന്നീടങ്ങോട്ട് 5,6 വർഷം കഴിഞ്ഞപ്പോൾ സ്വന്തം കാര്യത്തിന് വേണ്ടി ഒരുപറ്റം അധ്യാപകർ നശീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ തുടങ്ങി. അതോടെ ധാരാളം തസ്തികകൾ തടയപ്പെടാൻ തുടങ്ങി. അവർ സന്തോഷിച്ചു. തഴച്ചുവളർച്ചയുടെ ശക്തി കുറഞ്ഞു എന്നു പറയാം. ആ മുരടിപ്പ് നമുക്ക് ചില്ലറ നഷ്ടമല്ല ഉണ്ടാക്കിയത്. കൂട്ടത്തിൽ രണ്ടുമൂന്ന് അധ്യാപകർ പെൻഷൻ ആയപ്പോൾ പറഞ്ഞ വാക്കുണ്ടായിരുന്നു. 'ഇവിടെ ഇനി ഉർദു തസ്തിക ഒരിക്കലും അനുവദിക്കരുത്!' ഇവർ ഭാഷയെ വളർത്തിയ രീതിയായിരുന്നു ഇത്. സംഘടന(KUTA) ഇത് ഒരിക്കലും മറക്കരുത്.

വിദ്യാർഥികൾ 

 1965 തൊട്ടുള്ള കാലങ്ങളിൽ കാരത്തോട് തൊട്ട് മലപ്പുറം വരെ കുട്ടികൾ ഒരു സംഘം ആയിട്ടായിരിക്കും സ്കൂളിൽ പോവുക വലിയ കുട്ടികൾ നിയന്ത്രിക്കാൻ ഉണ്ടാകും ഏകദേശം 300 ഓളം കുട്ടികൾ ആ ബാച്ചിൽ ഉണ്ടാകും ഇങ്ങോട്ടുള്ള വരവും ബാച്ച് ആയിട്ട് തന്നെ. ഭക്ഷണത്തിനും പൈസക്കും ക്ഷാമമുള്ള കാലം അധിക കുട്ടികളും ഉച്ചഭക്ഷണത്തിന് പോകും ഒന്നുമില്ലാത്ത കുട്ടികൾ കോമ്പൗണ്ടിൽ അലഞ്ഞു തിരിയുന്നുണ്ടാവും സർ സാഹിബ് എന്നെ വിളിച്ച് കാര്യങ്ങളെല്ലാം ഒരിക്കൽ അന്വേഷിച്ചു പിറ്റ ദിവസം എന്നെ കണ്ടപ്പോൾ എനിക്ക് കാപ്പിക്ക് അഞ്ചു പൈസ തന്നു . വല്ലതും കുടിച്ചു വാ എന്നൊരു നിർദ്ദേശവും ചിലപ്പോൾ എന്നോട് ചന്ദ്രിക പത്രം കൊണ്ടുവരാൻ പറയും. പേപ്പർ വില അഞ്ചു പൈസ മാത്രം. പിന്നീടാണ് എനിക്ക് ഒരു വിവരം മനസ്സിലായത് ആഴ്ചയിലെ ഒരു ദിവസത്തെ പേപ്പറിൽ ഇന്നർ ഷീറ്റിൽ അദ്ദേഹത്തിന്റെ ലേഖനം ഉണ്ടാകും. 'അബു അൻവർ' എന്ന പേരിലായിരുന്നു ആ ലേഖനം. കേരള മുസ്ലിംകളുടെയും ഇന്ത്യൻ മുസ്ലിമുകളുടെയും ജീർണ്ണത ആയിരിക്കും അതിൽ വിഷയം. കൂടാതെ നിലാമ്പ്ര മരക്കാർ ഹാജി പോലുള്ളവരുടെ മറ്റു ലേഖനങ്ങളും കാണാമായിരുന്നു വർഷങ്ങൾക്ക് ശേഷമാണ് അതിന്റെ പൊരുൾ മനസ്സിലാക്കാൻ കഴിഞ്ഞത്.

 ഒരാളോട് പോലും സർവർ സാഹിബ് ഉറുദു പഠിക്കണം, ഒന്നാം ഭാഷ ഉറുദു എടുക്കണമെന്ന് പറഞ്ഞതായി ഓർമ്മയില്ല. മുതിർന്ന കുട്ടികളും ജേഷ്ഠന്മാരും ഉറുദു പഠിക്കുന്നത് കണ്ടാണ് അക്കാലത്ത് ഉറുദുവിനെ ആകർഷിച്ചിരുന്നത്. പഠിക്കാൻ ഹിന്ദിയുള്ളപ്പോൾ എളുപ്പവും. ഈ ഒരു മാർഗം ആയിരുന്നു വിദ്യാർത്ഥികൾ സ്വീകരിച്ചിരുന്നത് എന്നു പറയുന്നതിൽ തെറ്റില്ല. ഉറുദു പഠിക്കണം എന്ന ഒരു നിർദ്ദേശവും നൽകിയിരുന്നതായി അറിയില്ല. പി എം എസ് ഒ കോളേജിൽ സെക്കൻഡ് സ്റ്റാൻഡേജ് കൊണ്ടുവരാനുള്ള ഒരു ശ്രമം അദ്ദേഹം നടത്തി. പ്രസ് ഉടമ കുഞ്ഞാതു ഹാജി അദ്ദേഹവുമായി നല്ല ബന്ധത്തിലായിരുന്നു. ഞാനും കുട്ടിഹസൻ സാഹിബും സർവർ സാഹിബും കൂടിയാണ് കോളേജിൽ പോയതും കുഞ്ഞാതു ഹാജിയെ കണ്ടതും. വിഷയം ശ്രദ്ധയിൽ ഉണ്ട് എന്ന് പറഞ്ഞു എന്നല്ലാതെ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. അവിടെ ഉറുദു ഉപയോഗപ്പെടുത്തി ഹിന്ദി വളർത്തിയെന്നു പറയാം! അതും ആ ഉറുദു അധ്യാപകന്റെ സന്തതിയാണെന്ന് എടുത്തു പറയാം! ഈമാതിരി കാര്യങ്ങളെല്ലാം ഉറുദു വളർച്ചക്ക് അദ്ദേഹം ചെയ്തിരുന്നത്. ഹിന്ദിക്കുള്ള പ്രവർത്തനം അവിടെ നടത്തിയത് നല്ലൊരു ഉറുദു പണ്ഡിതനായിരുന്നു! അവിടെ ഉർദുവിനെ അടുപ്പിക്കാതെ മുക്കിക്കൊല്ലുകയാണ് ഈ മാന്യൻ ചെയ്തത്! സർവർ സാഹിബ് പറഞ്ഞ ഒരു വാചകം ആണിത് "ഉർദു സ്നേഹികളും പ്രേമികളും ഇതിനെ നശിപ്പിക്കാനുള്ള ശ്രമം നടത്തും അതും സൂക്ഷിക്കേണ്ട ഒരു വിഷയമാണ്".

  വ്യാപകമായ ഉർദു പഠനം 

 സമ്മർദ്ദം ഒളിഞ്ഞും തെളിഞ്ഞുമുള്ള സർവ്വ സാഹിബിന്റെ പ്രവർത്തനത്തെ തുടർന്നുകൊണ്ടേയിരുന്നു. ശത്രുക്കളുടെ പ്രവർത്തനത്തിനു താൽക്കാലിക വിരാമം ഇടുവാൻ കഴിഞ്ഞു. ഉറുദു പരീക്ഷകൾക്കുള്ള സിലബസ്, കമ്മിറ്റി പ്രവർത്തനക്ഷമമായി. ഇബ്രാഹിം സാഹിബ് ശാക്കിർ സാഹിബ് സർവർ എന്നിവരുടെ കീഴിൽ ഉറുദു സിലബസ് കമ്മിറ്റി നിലവിൽ വരികയും ചെയ്തു എത്രമാത്രം ത്യാഗമാണ് ആ മനുഷ്യൻ ഇതിനു അടിത്തറ പോകുവാൻ നടത്തിയിട്ടുള്ളത്! ഇതിന് പുറമെയുള്ള അതിയായ ആഗ്രഹമായിരുന്നു 'നവായെ സർവറും' 'അർമുഗാനെ കേരള'യും. അന്നൊരു പ്ലാൻ ഇല്ലായിരുന്നുവെങ്കിൽ എന്നോ ഉർദുവിന്റെ ജനാസ എടുക്കുമായിരുന്നു എന്നൊക്കെ നവാബെ സർവറിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

 അദ്ദേഹത്തിന്റെ സാഹിത്യകാരന്മാരിലെ സുഹൃത്തുക്കളിൽപ്പെട്ട ഒരു ഉന്നത വ്യക്തിയാണ് കാളിദാസ് ഗുപ്തരിസ. ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം ഉർദു പുസ്തക ശേഖരമുള്ള ഏക വ്യക്തിയാണ് അദ്ദേഹം. സർവർ സാഹിബ് 1971 ൽ ഹജ്ജിനു പോകുന്ന സമയത്ത് ഒരാഴ്ചയോളം അദ്ദേഹത്തെ ബോംബെ നഗരം കാണിച്ചു കൊടുക്കുവാനും സൽക്കരിക്കുവാനും വേണ്ടി ഗുപ്‍തരിസ ബോംബെയിൽ പാർപ്പിച്ചിരുന്നു. നഗരം മുഴുവനും കാണിച്ചുകൊടുത്തതിനുശേഷം ഹജ്ജിന് യാത്രയച്ച ശേഷമാണ് അദ്ദേഹം ഒഴിവായത് അദ്ദേഹം കൊടുത്ത ഭക്ഷണവും അതിന്റെ മഹത്വവും സർവ്വ സാഹിബ് എപ്പോഴും പറയാറുണ്ടായിരുന്നു അദ്ദേഹത്തെ കേരളത്തിലേക്കും യാത്രയ്ക്കിടയിൽ ക്ഷണിച്ചിരുന്നു പിന്നീട് ആരോഗ്യപ്രശ്നങ്ങൾ കാരണം അത് നടന്നില്ല എന്ന് വേണം പറയാൻ അദ്ദേഹം മാസികകളിൽ സർവ്വരെക്കുറിച്ച് പ്രകീർത്തിച്ചിട്ടുണ്ട് നമ്മുടെ പാർലമെന്റിൽ പോലും സമദാനിയും വീരേന്ദ്രകുമാറും സർവർക്കവിതകൾ പുകഴ്ത്തിയിട്ടുണ്ട് ഉറുദുവിലും അറബിയിലും ഫാർസിയിലും അഗാധ പാണ്ഡിത്യം ഉള്ള വ്യക്തിത്വമായിരുന്നു കാളിദാസിന്റെത്. സർവർ സാഹിബ് ഗുപ്തയെ സംബന്ധിച്ചു പറഞ്ഞ വാചകങ്ങൾ ഇതായിരുന്നു, "ഹിന്ദുസ്ഥാനിൽ രണ്ടു കാളിദാസുമാർ ഉണ്ടായിട്ടുണ്ട്. ഒന്ന് വാൽമീകി രാമായണം എഴുതിയ ആളും രണ്ട് കാളിദാസ് ഗുപ്തയും. രണ്ടുപേരും ലോകപ്രശസ്തനാണ്."

സർവർ എന്ന ഗുരുനാഥന്റെ സാഹിത്യകാരന്മാരോടുള്ള ബന്ധം കേരളത്തിൽ ഉർദുവിന്റെ പുരോഗതിക്കും വളർച്ചക്കും കാരണമായിട്ടുണ്ടെന്ന് പറയാം.