✍️ ഡോക്ടർ കെ പി ശംസുദ്ദീൻ തിരൂർക്കാട്
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുഖ്യ പങ്കുവഹിച്ച ഭാഷയാണ് ഉറുദു. കവിതകൾ, മുദ്രാവാക്യങ്ങൾ, നാടകം, നോവൽ, ചെറുകഥ എന്നിങ്ങനെയുള്ള ഉർദു സാഹിത്യസൃഷ്ടികൾ സമരത്തെ എക്കാലത്തും ആവേശഭരിതമാക്കിയിരുന്നു. സമരസന്ദേശം ജനങ്ങളിലേക്ക് പകർന്നതിൽ ഉർദുപത്രങ്ങളും മറ്റ് അച്ചടി പ്രസിദ്ധീകരണങ്ങളും മുഖ്യപങ്ക് വഹിച്ചു. മതഭേദമന്യേ ജനങ്ങൾ വായിച്ചിരുന്നത് ഉറുദുപത്രങ്ങൾ ആയിരുന്നു അതുകൊണ്ടുതന്നെ ഉറുദു പ്രസിദ്ധീകരണങ്ങൾ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്നു.
സ്വാഭാവികമായും സമരത്തിന്റെ ജ്വാലകൾ കേരളത്തിലും ആളിപ്പടരാൻ തുടങ്ങി. കേരളത്തിലെ ജനങ്ങളെ അന്നും ഒരുമിപ്പിച്ചത് പൊതുഭാഷയായ മലയാളമായിരുന്നു. എങ്കിലും കേരളത്തിൽ പോലും ഉറുദുഭാഷ ചെലുത്തിയ സ്വാധീനത്തെ അവഗണിക്കാനാകില്ല. വൈദേശിക ആധിപത്യത്തിന് തുടക്കമിട്ട പോർച്ചുഗീസ് സാന്നിധ്യം ഉണ്ടായത് കേരളതീരത്ത് ആണല്ലോ.
1498 മെയ് മാസം കോഴിക്കോട്ടെത്തിയ വാസ്കോഡഗാമയുടെ സംഘം നടത്തിയ മലബാർ പിടിച്ചെടുക്കാനുള്ള ശ്രമം വിഫലമാക്കിയത് സാമൂതിരിയായിരുന്നു 1530 ൽ ചാലിയത്ത് പോർച്ചുഗീസുകാർ സ്ഥാപിച്ച കോട്ടയം അതിലെ യുദ്ധസാമഗ്രികളും പിടിച്ചെടുക്കാൻ വേണ്ടി സാമൂതിരി യുദ്ധം പ്രഖ്യാപിച്ചു. സാമൂതിരിയുടെ നായർ പടയും കടൽത്തീരം കാത്ത കുഞ്ഞാലി മരയ്ക്കാരുടെ മാപ്പിള സൈന്യവും പോർച്ചുഗീസുകാരെ കീഴ്പ്പെടുത്താൻ ആവില്ലെന്ന് മനസ്സിലാക്കിക്കൊണ്ട് അയൽ സംസ്ഥാനമായ ബീജപൂരിലെ ആദിൽ സുൽത്താനേറ്റിനോട് സൈനിക സഹായം അഭ്യർത്ഥിച്ചു തുടർന്ന് അവിടെയുള്ള ഭരണാധികാരിയായ അലി ആദിൽ ഷാ ഒന്നാമൻ ആയിരക്കണക്കായ തന്റെ സൈന്യത്തെ കോഴിക്കോട്ടേക്ക് അയക്കുകയും സാമൂതിരിയുടെ സൈന്യവുമായി ചേർന്ന് പോർച്ചുഗീസ് പടയോട് ഏറ്റുമുട്ടി 1571ൽ ചാലിയം കോട്ട പിടിച്ചെടുത്ത് അവരെ കീഴ്പെടുത്തി.
ബീജ പുരയിൽ നിന്ന് സൈന്യത്തിലെ ഭൂരിഭാഗവും കോഴിക്കോട് തന്നെ താമസമാക്കുകയായിരുന്നു. അവരുടെ സംസാരഭാഷ അക്കാലത്ത് എന്നും പറയുമായിരുന്നു. മലയാളികളായ സൈനികരുമായുള്ള അവരുടെ ആശയവിനിമയം ഉറുദുവിൽ ആയിരുന്നു. അങ്ങനെയാണ് വൈദേശിക വിരുദ്ധ പോരാട്ടത്തിൽ ആദ്യമായി കേരളത്തിൽ ഉർദുവിന്റെ സാന്നിധ്യം ഉണ്ടാകുന്നതെന്ന് പറയാം.
പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി വഴി ഇന്ത്യയെ കീഴടക്കാൻ എത്തിയ ബ്രിട്ടനെ ദക്ഷിണേന്ത്യയിൽ നേരിട്ടത് ടിപ്പുസുൽത്താൻ ആയിരുന്നു ടിപ്പുവിന്റെ ഭരണത്തിലായിരുന്നു മലബാർ ടിപ്പുവിന്റെ സൈനികർക്കായി പ്രസിദ്ധീകരിച്ച പത്രം ആയിരുന്നു ഫൗജി അഖ്ബാർ എന്ന ഉർദു പത്രം. ഇത് 1794 മുതൽ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. മലബാർ കൊണ്ടോട്ടിയിലെ തങ്ങൾക്ക് ഈ ആഴ്ചപ്പതിപ്പ് ലഭിച്ചിരുന്നു ബോംബെയ്ക്ക് അടുത്തുള്ള കല്യാണില്‍ നിന്നു വന്ന ശാഹ തങ്ങൾക്കായിരുന്നു മലബാറിലെ കുറെ കാര്യങ്ങളുടെ ചുമതല ഏൽപ്പിക്കപ്പെട്ടിരുന്നത്. തങ്ങൾക്ക് ഉറുദു അറബി പേർഷ്യൻ മറാഠി എന്നീ ഭാഷകൾ എല്ലാം നന്നായി അറിയാമായിരുന്നു ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിനായി മെനയേണ്ട തന്ത്രങ്ങൾ, ശ്ലോകങ്ങൾ, മുദ്രാവാക്യങ്ങൾ എന്നിവയെല്ലാം ഫൗജി അഖ്ബാറിൽ വന്നുകൊണ്ടിരുന്നു. ഷാഹ് തങ്ങൾ മുഖേന ഫൗജി അഖ്ബാർ ഇവിടെയുള്ള സൈനികർക്ക് ലഭിച്ചിരുന്നു. കേരളത്തിലെ ഉറുദുഭാഷാ പ്രചരണ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഇത് കാണാനാകും.
കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരായ പിൽക്കാലത്ത് നടന്ന ഏറ്റവും വലിയ ചെറുത്തുനിൽപ്പായിരുന്നു 1921 ലെ ഖിലാഫത്ത് പ്രക്ഷോഭം. കോൺഗ്രസ്സും ഖിലാഫത്ത് പ്രസ്ഥാനവും കൈകോർത്ത പ്രക്ഷോഭത്തിൽ അനല്പമായ സ്വാധീനമായിരുന്നു ഉറുദു ഭാഷക്കുണ്ടായിരുന്നു.
മതപണ്ഡിതൻ കൂടിയായിരുന്ന ആലി മുസ്ലിയാരായിരുന്നു ഖിലാഫത്ത് സമരത്തിന്റെ മുന്നണി പോരാളി. ബോംബെയിൽ വെച്ച് കേൾക്കാനിടയായ മൗലാനാ മുഹമ്മദലിയുടെ ഉജ്ജ്വലമായ ഉർദു പ്രസംഗമായിരുന്നു സമരത്തിൽ സജീവമാകാനുള്ള ആലി മുസ്ലിയാരുടെ പ്രേരണ. കൂടാതെ ഹംദർദ് പോലെയുള്ള ഉറുദുപത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വായനക്കാരൻ കൂടിയായിരുന്നു മുസ്ലിയാർ.
സമരമുഖത്ത് ബ്രിട്ടന്റെ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നു വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. 1910 ൽ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ പരോക്ഷമായ പങ്കുവഹിച്ചു എന്ന് ആരോപിച്ച് തന്നെ നാടുകടത്താൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ഹാജി ബോംബെയിലെത്തി ഉറുദു പഠിച്ചതിനുശേഷം ഹജ്ജിന് യാത്രതിരിച്ചു. കപ്പലിലുള്ള യാത്രാമധ്യേ ഒരു മതപണ്ഡിതനിൽ നിന്ന് കൂടുതലായി ഉറുദു പഠിച്ചു നാലുവർഷത്തെ മക്കാവാസത്തിനിടയിൽ ശൈഖുൽ ഹിന്ദ് മൗലാനാ മഹ്മൂദ് ഹസനിൽ നിന്ന് ഉറുദുവിൽ കൂടുതൽ പ്രാവീണ്യം നേടി. മക്കയിൽ നിന്ന് തിരിച്ച് മലബാറിലെത്തി സമരത്തിന് ധീരമായ നേതൃത്വം നൽകിയ അദ്ദേഹത്തെ 1922 ജനുവരി 7ന് ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്യുകയും ജനുവരി 20ന് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കേ ചെരുവിൽ വച്ച് വെടിവെച്ച് കൊല്ലുകയും ചെയ്തു. വധശിക്ഷ നടപ്പാക്കും മുമ്പ് അവസാനമായി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഉറുദുവിൽ ചോദിച്ച ചോദ്യങ്ങൾക്ക് ഹാജി മറുപടി പറഞ്ഞതും ഉറുദുവിൽ ആയിരുന്നു.
1920 ജൂൺ മാസത്തിൽ അലഹബാദിൽ ചേർന്ന ഖിലാഫത്ത് സമ്മേളനത്തിൽ പുറപ്പെടുവിച്ച ഫത്‌വ ഉറുദുവിലായിരുന്നു. മൗലാനാ ആസാദ്, മുഹമ്മദലി ജൗഹർ അടക്കമുള്ള ആയിരക്കണക്കായ പണ്ഡിതരാണ് ഇതിൽ ഒപ്പ് വെച്ചിരുന്നത്. പുസ്തകരൂപത്തിൽ തയ്യാറാക്കിയ ഈ ഫത്‌വയുടെ കോപ്പി പൊന്നാനിയിലും എത്തിയിരുന്നു. ഇത് വിവർത്തനം ചെയ്യാൻ പൊന്നാനിയിലെ ഖിലാഫത്ത് കമ്മിറ്റി മദ്രസ അധ്യാപകനും ഉറുദു പണ്ഡിതനുമായ ഈ മൊയ്തു മൗലവിയെ സമീപിച്ചു. വിവർത്തകനായ മൗലവി ഇതിലെ ആശയങ്ങളിൽ ആകൃഷ്ടനായി സ്വാതന്ത്ര്യസമരം മുഖത്ത് സജീവമായി.
കേരളത്തിന്റെ വീരപുത്രൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അലിഗർ ജാമിയ മില്ലിയയിൽ പഠിക്കുമ്പോൾ മൗലാന ആസാദ് ഉർദുവിൽ രചിച്ച 'മസ്അലയെ ഖിലാഫത്ത് വ ജസീറയെ അറബ്' എന്ന കൃതി വായിച്ചിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പഠനം പൂർത്തിയാക്കും മുമ്പേ സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടിയത്. 1920 ഫെബ്രുവരി 28ന് കൽക്കത്തയിൽ ചേർന്ന ഓൾ ഇന്ത്യ ഖിലാഫത്ത് കോൺഫറൻസിൽ ആസാദ് ചെയ്ത പ്രസംഗം ആയിരുന്നു ഈ പുസ്തകം.
1920ൽ കോഴിക്കോട് കടപ്പുറത്ത് ബീ ഉമ്മ (സഹോദരങ്ങളുടെ മാതാവ്) പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനായി എത്തിയപ്പോൾ ചെയ്ത പ്രസംഗം ഉറുദുവിലായിരുന്നു. മലബാറിലെ സമരപോരാട്ടങ്ങൾക്ക് കരുത്തുപകർന്ന പ്രസംഗമായിരുന്നു അത്.
ഖിലാഫത്ത് കമ്മിറ്റികളുടെ എല്ലാ കത്തിടപാടുകളും നോട്ടീസ്, പോസ്റ്റർ എന്നിവയും ഉറുദുവിലായിരുന്നു കേരളത്തിൽ എത്തിയിരുന്നത്. കോഴിക്കോട് നഗരത്തിലെ പൊതു ചുമരുകളിൽ കണ്ടിരുന്ന സമരപോസ്റ്ററുകൾ എല്ലാം ഉർദുവിലായിരുന്നു. എംപി നാരായണമേനോൻ, തറമ്മൽ കൃഷ്ണൻ പോലെയുള്ള സമരസേനാനികൾക്കെല്ലാം ഉറുദു നന്നായി അറിയാമായിരുന്നു. നേതൃത്വത്തിൽ ഉണ്ടായിരുന്ന പലരേയും ഇ മൊയ്തു മൗലവിയായിരുന്നു ഉറുദു പഠിപ്പിച്ചിരുന്നത്.
1921ലെ സമാനതകൾ ഇല്ലാത്ത ബ്രിട്ടീഷ് വിരുദ്ധ സമരത്തിലെ പോരാളികൾക്കെതിരെ ഭരണകൂടം ചെയ്ത ക്രൂരമായ കൊലപാതകങ്ങളും അക്രമങ്ങളും പുറം ലോകത്തെ എത്തിച്ചതിൽ വലിയ പങ്കുവഹിച്ച പത്രമാണ് 'സമീന്ദാർ'. 86 ലേഖനങ്ങളാണ് സമീറിൽ മലബാർ സമരം സംബന്ധിച്ച് പരമ്പരയായി പ്രസിദ്ധീകരിച്ചത്. സമീന്ദാറിന്റെ പത്രാധിപരായ മൗലാന സഫർ അലി ഖാൻ മൂന്നുതവണയാണ് മലബാറിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചത്. അദ്ദേഹം മലബാറിലെ മാപ്പിള വീര്യത്തെ പരാമർശിച്ച് 5 ഉറുദു കവിതകൾ രചിച്ചിട്ടുണ്ട്. ഇതേ പത്രത്തിൽ ബ്രിട്ടീഷ് വിരുദ്ധ കവിത പ്രസിദ്ധീകരിച്ചതിന് എം എൻ സത്യാർത്ഥി ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ സാരേ ജഹാസെ അഛാ, മൗലാന ഹസ്രത്ത് മൊഹാനിയുടെ 'ഇങ്കുലാബ് സിന്ദാബാദ്' എന്നിവ കേരളത്തിൽ എങ്ങും അലയടിക്കുന്ന ഉറുദു ശബ്ദമാണ്. കേരളത്തിലെ സ്വാതന്ത്ര്യസമരത്തിൽ ഒരു ഭാഷ എന്ന നിലയിൽ ഉറുദുവഹിച്ച പങ്ക് ഇനിയും എത്രയോ അനാവരണം ചെയ്യാനാകും.